കിഴക്കു വെള്ളാപ്പു കീറിയ നേരത്തു മെയ്യപ്പൊലയി പാടത്തെറങ്ങി
കണ്ണമ്മ ചക്കിയും, കാളി കുറുമ്പയും, വളവനും, തേവനും വിത്താരിയും
മുട്ടോളമെത്തിയ ചെള്ളയില്‍ ഞാറ്റുകള്‍ താത്തിത്തിരകണു ചങ്ങാതിമാര്‍
പുഞ്ചപ്പാടത്തെ പൊക്കവരവാണ് പൂപോലെ നിക്കണ കൊച്ചു തമ്പ്രാന്‍
എണ്ണക്കറുപ്പുള്ള പെമ്പിളമാരുടെ ചേറുതെറച്ചൊരു മാകേണ്ട്
മുറുക്കി ചോപ്പിച്ചു നീട്ടിത്തുപ്പിയ കൊച്ചമ്പ്രാനു തന്തോയം വേ
വരമ്പു പെട്ട ചോതിപ്പൊലയന്റെ കൊച്ചുകെടാത്തി ചിരുതപ്പെണ്ണു
പ്രാതക്കു മോന്തുവാന്‍ കഞ്ഞിയും, കപ്പയും ചൂടുപൊരിച്ചൊരു ചമ്മന്തിയും
നീട്ടിവിളിച്ചു കൊണ്ടോടുന്ന പെണ്ണിനെ കണ്ടപ്പം തമ്പ്രാനു പൂതിവന്നേ-
പൊര നെറഞ്ഞങ്ങിരിക്കും കൊടാത്തീതെ പൊരുളുനെറഞ്ഞൊന്നു നോക്കി തമ്പ്രാന്‍
കോലേത്തു ചില്ലറ വേലയെടുപ്പിക്കാന്‍ ചിരൂതപ്പെണ്ണിനെ വിളിച്ചു തമ്പ്രാന്‍
കോലോത്തും പണിയാണ്ടു തെകതോജി തെകതോം
ചിരുതയ്ക്കു കൂലികൊടുത്തു തമ്പ്രാന്‍
തെവതങ്ക മാതങ്ക പോയതറിഞ്ചീല ചിരൂതപ്പെണ്ണിന്നു കെര്‍പ്പം വന്തേ
മാതങ്ക പത്തുകയിഞ്ഞു പ്രതവിച്ചു-മാതാവായി ചീരുതപ്പെണ്ണ്
പൂപോലെയുള്ളൊരു കൊച്ചുകെടാവിനെ ഒക്കത്തും വച്ചുകോലേത്തുചെന്നേ
എരിയണ വയറു മടക്കിപ്പിടിച്ചും കൊണ്ടായില്ലക്കോലായില്‍ ചെല്ലുന്നേരം
അകത്തളത്തിലൊരൊരൂഞ്ഞാലിക്കട്ടിന്മേല്‍ ഇരുന്നു കപ്പിച്ചു കൊച്ചുതമ്പ്രാന്‍
നേരം വെളുത്തീലൊരൊക്കത്തും വച്ചുകൊണ്ടിരന്നുതിന്നുവാന്‍ വന്നുകൊള്ളും
ഒരു കൊച്ചു വട്ടിയിലൂഴക്കു മൂഴക്കു നെല്ലും പതിരും കൊടുത്തൊരുത്തി
നിറകണ്ണതോര്‍ത്തി പടി ഇറങ്ങുമ്പോഴും, കരയുനന കുഞ്ഞിന്റെ വായപൊത്തി
ഞാറ്റടിപ്പാട്ടിന്റെ ശീലുകള്‍ കേട്ടുകൊണ്ടൊരുപറക്കണ്ടത്തി ഞാറുകുത്തി